ഇനി വിജയ് ജയലളിതയുടെ പീരങ്കി!
തുടര്‍ച്ചയായി ഫ്ലോപ്പുകള്‍ സമ്മാനിച്ചാലും ജനപ്രീതിയില്‍ തമിഴകത്ത് രജനീകാന്ത് കഴിഞ്ഞാല്‍ ജോസഫ് വിജയ്‌യിനാണ് രണ്ടാം സ്ഥാനം. ഈ ജോസഫ് വിജയ് ആരെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. കേരളക്കരയിലും ആരാധകരുള്ള ഇളയ ദളപതി തന്നെയാണിത്. ജനപ്രീതിയില്‍ രണ്ടാം സ്ഥാനക്കാരനായ വിജയ് ഇനി ഡിഎംകെക്കെതിരെ ജയലളിതയുടെ പ്രധാന പ്രചരണ പീരങ്കി ആയിരിക്കും എന്ന് ഏതാണ്ടുറപ്പായി. വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ ദിവസം ജയലളിതയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
തമിഴ് സിനിമാലോകം കരുണാനിധിയുടെയും കുടുംബത്തിന്‍റെയും കയ്യിലാണെന്ന് ഇതിനകം തന്നെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. മറ്റുള്ള പ്രൊഡക്ഷന്‍ കമ്പനികളെ തകര്‍ക്കാനും ഡിഎംകെ കുടുംബത്തിനൊപ്പം നില്‍ക്കാത്ത സിനിമാതാരങ്ങളെ ഇല്ലാതാക്കാനും ഡിഎംകെ കുടുംബം ശ്രമിക്കുന്നുവെന്നും അതില്‍ തന്‍റെ മകന്‍ ബലിയാടായി എന്നും ജയലളിതയോട് ചന്ദ്രശേഖരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയുടെ റീമേക്കില്‍ അമീര്‍ ഖാന്‍ ചെയ്ത വേഷം ചെയ്യാന്‍ വിജയ് കരാര്‍ ആയതായിരുന്നു. അവസാന മിനിറ്റില്‍ സംവിധായകന്‍ ശങ്കര്‍ റീമേക്കില്‍ നിന്ന് വിജയ്‌യിനെ വലിച്ചെറിഞ്ഞു. ശങ്കറിന് മുകളില്‍ ഡിഎംകെ കുടുംബത്തിന്‍റെ സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ജയലളിതയോട് ചന്ദ്രശേഖര്‍ പറഞ്ഞതായറിയുന്നു. കഥാപാത്രത്തിന് അനുസരിച്ച് മുടിവെട്ടാന്‍ വിജയ് തയ്യാറായില്ല എന്നും അതുകൊണ്ടാണ് വിജയ്‌യിനെ നീക്കുന്നത് എന്നുമാണ് ശങ്കര്‍ പറഞ്ഞത്.
ഇതുമല്ലാതെ, വിജയ്‌യുടെ പുതിയ സിനിമയായ കാവലന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകളാണ് സിനിമയുടെ നിര്‍മാതാവ് സി രമേഷ് ബാബു സഹിക്കേണ്ടി വരുന്നത്. ഇപ്പോഴും കാവലന്‍ ഡിസംബര്‍ 17-ന് റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന് ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയ്‌യും അച്ഛന്‍ ചന്ദ്രശേഖറും എഐഎഡിഎംകെ അധ്യക്ഷ ജയലളിതയുടെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ച് വന്നിരിക്കുന്നത്.
ഡിഎംകെ കുടുംബത്തിന്‍റെ സിനിമാ രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വേച്ഛ്വാധിപത്യം പാര്‍ട്ടിയെ പടുകുഴിയില്‍ തള്ളുന്ന രീതിയില്‍ ഭീകരരൂപം ആര്‍ജ്ജിച്ചിരിക്കുകയാണ്. കരുണാനിധിയുടെ മക്കളും പേരക്കുട്ടികളും അളിയനും അമ്മാവനുമൊക്കെ സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ വച്ച് കോടമ്പാക്കം ഭരിക്കുമ്പോള്‍ വിജയ് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ്. വിജയ്‌ക്കൊപ്പം അജിത്തും വിജയകാന്തും കൈകോര്‍ക്കും എന്നറിയുന്നു.
എന്തായാലും, ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും എഐഎഡിഎംകെ കൂടെ ഉണ്ടാകുമെന്നും ‘അമ്മ’ വിജയ്‌യുടെ പിതാവിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഡിസംബര്‍ 17-ന് കാവലന്‍ റിലീസ് ചെയ്യുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീയേറ്ററുകള്‍ ഏറ്റെടുത്ത് സിനിമ വന്‍വിജയമാക്കണം എന്ന് ജയലളിത ഉടനെ പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നു.
No comments:
Post a Comment