Tuesday, December 21, 2010

Prithvi In The Path Of Mohanlal



 

പൃഥ്വിരാജ് മോഹന്‍ലാലിന്‍റെ പാതയിലാണ്. സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മാത്രമല്ല, സിനിമ നിര്‍മ്മിക്കുന്ന കാര്യത്തിലും. അതേ, പൃഥ്വിയും ലാലിനെപ്പോലെ നിര്‍മ്മാതാവാകുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’യാണ് പൃഥ്വി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പൃഥ്വിയുടെ നിര്‍മ്മാണക്കമ്പനിക്ക് ‘ഓഗസ്റ്റ് സിനിമ’ എന്ന് പേരിട്ടു.

ഓഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രമാണ് ഉറുമി. സന്തോഷ് ശിവനും പൃഥ്വിക്കൊപ്പം ഓഗസ്റ്റ് സിനിമയില്‍ പങ്കാളിയാണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് ക്വാളിറ്റി സിനിമകള്‍ നിര്‍മ്മിക്കുകയാണ് ഈ കമ്പനി രൂപീകരിച്ചതിന്‍റെ ലക്‍ഷ്യം. ബോളിവുഡിലും കോളിവുഡിലും തിളങ്ങി നില്‍ക്കുന്ന ജെനിലിയയാണ് ഈ സിനിമയില്‍ പൃഥ്വിയുടെ നായികയാകുന്നത്.

വാസ്കോഡഗാമയെ കൊലപ്പെടുത്താന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഉറുമി. പൃഥ്വിയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മണിരത്നത്തിന്‍റെ ‘രാവണന്‍’ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ച മഹാരാഷ്ട്രയിലെ വനങ്ങളായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിങ്ങം ഒന്നിനാണ് ‘ഉറുമി’ ചിത്രീകരണം ആരംഭിക്കുക.

തുടര്‍ച്ചയായി ആക്ഷന്‍ ത്രില്ലറുകള്‍ തെരഞ്ഞെടുത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള യാത്രയിലാണ് പൃഥ്വി. അന്‍‌വര്‍, ദി ത്രില്ലര്‍, കിംഗ് ആന്‍റ് ദി കമ്മീഷണര്‍, നാടുവാഴികള്‍ തുടങ്ങി ഒട്ടേറെ ആക്ഷന്‍ ത്രില്ലറുകളാണ് പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിനെപ്പോലെ നിര്‍മ്മാണക്കമ്പനി രൂപീകരിച്ചതിലൂടെ ‘കേരളത്തിന്‍റെ അംബാസിഡര്‍’ പദവി നേടാന്‍ സഹായകമാകുന്ന സിനിമകള്‍ നിര്‍മ്മിക്കുക തന്നെയാണ് പൃഥ്വിരാജ് ഉന്നം വയ്ക്കുന്നത്

No comments:

Post a Comment