വലിയ ഒച്ചപ്പാടായിരുന്നു. ആഘോഷം, ആര്‍പ്പുവിളി. വലിയ സംഭവമാണെന്നുള്ള പരസ്യപ്രചാരണങ്ങള്‍. നാടോടിക്കാറ്റില്‍ തിലകന്‍ പറഞ്ഞ ആ പ്രശസ്തമായ ഡയലോഗില്ലേ? ‘ഒടുവില്‍ പവനായി ശവമായി’. കാണ്ഡഹാറിനെക്കുറിച്ചാണ് ഈ പറഞ്ഞുവന്നതൊക്കെ എന്ന് മനസിലാകുമ്പോള്‍ മനസില്‍ നിറയുന്ന ഒരു നിരാശയില്ലേ? മോഹന്‍ലാലിന്‍റെ സിനിമകളെ സ്നേഹിക്കുന്ന ആര്‍ക്കും ‘കാണ്ഡഹാര്‍’ സമ്മാനിക്കുന്നത് അത്രയും തീവ്രമായ നിരാശ മാത്രം.
ഇന്ത്യന്‍ പട്ടാളം ഒരുപാട് Operations നടത്തിയിട്ടുണ്ട്. അത് അതിര്‍ത്തിയിലായാലും രാജീവ് ഗാന്ധിയുടെ കൊലയാളികളെ കണ്ടെത്തുന്നതിലായാലും തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിലായാലും - അവരുടെ ജീവന്‍മരണ പോരാട്ടങ്ങളെ തീര്‍ത്തും സിനിമാറ്റിക്കായി മാത്രം കണ്ടുതുടങ്ങിയാലോ? മേജര്‍ രവി അങ്ങനെയൊരു മിഷനിലാണെന്നു തോന്നുന്നു.
‘കാണ്ഡഹാര്‍’ സിനിമ എന്താണെന്നറിയില്ലേ? കഥ ഇങ്ങനെയാണ് - വിമാനം ഹൈജാക്ക് ചെയ്യുന്നു, മേജര്‍ മഹാദേവന്‍ തീവ്രവാദികളെ കീഴ്പ്പെടുത്തുന്നു. ഈ രണ്ടുവരിയില്‍ പറഞ്ഞുനിര്‍ത്തിയ കഥ രണ്ടുമണിക്കൂറാക്കി വലിച്ചുനീട്ടിയിടത്തുതന്നെ സിനിമ പരാജയപ്പെടുകയാണ്. ഒരു വിരസമായ ഡോക്യുമെന്‍ററി കണ്ടിരിക്കുന്ന അനുഭവമാണ് ആദ്യ പകുതി നല്‍കുന്നതെങ്കില്‍, രണ്ടാം പകുതിയില്‍ പെര്‍ഫെക്ഷനില്ലാത്ത കമാന്‍ഡോ ഓപ്പറേഷന്‍ രംഗങ്ങളും മറ്റുമായി സിനിമ ഒരു വ്യാജനിര്‍മ്മിതിയായി മാറുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ മലയാളത്തില്‍ വന്നതോര്‍ക്കുന്നു. ‘മൂന്നാംമുറ’ എന്ന് ചിത്രത്തിന് പേര്. നായകന്‍ മോഹന്‍ലാല്‍ തന്നെ. എസ് എന്‍ സ്വാമി എഴുതി കെ മധു സംവിധാനം ചെയ്ത ചിത്രം. ആ സിനിമയുടെ കഥയും ഇതുതന്നെയാണ്. മന്ത്രിയുള്‍പ്പടെ അമ്പതോളം പേരെ ഒരുസംഘം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നു. മോഹന്‍ലാല്‍ സാഹസികമായി തീവ്രവാദികളെ കീഴടക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാം മുറയില്‍ നിന്ന് കാണ്ഡഹാറിലെത്തുമ്പോള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് വിമാനമാണെന്നൊരു വ്യത്യാസം മാത്രം.
മൂന്നാംമുറ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയെങ്കില്‍ കാണ്ഡഹാര്‍ പ്രേക്ഷകമനസിനെ സ്പര്‍ശിക്കുന്നതേയില്ല. അമിതാഭ് ബച്ചനും മോഹന്‍ലാലും ഒരുമിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. അവിടെയും വൈകാരികമായി പ്രേക്ഷകരെ ഉണര്‍ത്താത്ത സൃഷ്ടിയായി മാറുന്നു കാണ്ഡഹാര്‍. കെ പി എ സി ലളിതയുടെ പ്രകടനവും മോഹന്‍ലാലിന്‍റെ അഭിനയവുമാണ് കുറച്ചെങ്കിലും ആശ്വാസം. പിന്നെ രണ്ട് ഗണ്‍ ഫയര്‍ രംഗങ്ങള്‍. അതും നന്നായി. ഗണേഷ് വെങ്കിട്ടരാമന്‍ എന്ന തമിഴ് നടനാണ് ഈ സിനിമയില്‍ അമിതാഭ് ബച്ചന്‍റെ മകനായി അഭിനയിക്കുന്നത്. കഷ്ടം എന്നേ പറയേണ്ടൂ - ഷോക്ക് അടിച്ചാലും എക്സ്പ്രഷന്‍ വരുന്നില്ല എന്നു കേട്ടിട്ടില്ലേ? ഡബ്ബിംഗ് വളരെ മോശം.
മലയാള സിനിമയാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിലെ കഥാപാത്രങ്ങള്‍ കുറച്ചെങ്കിലും മലയാളം പറയണം എന്നാണ് എന്‍റെ അഭിപ്രായം. ഇതില്‍ ഹിന്ദിയും ഇംഗ്ലീഷുമേ കേള്‍ക്കാനുള്ളൂ. അപൂര്‍വമായി മാത്രം മലയാളപദങ്ങള്‍. മലയാളം മാത്രമല്ല, ആദ്യപകുതിയില്‍ മോഹന്‍ലാലും കുറച്ചേയുള്ളൂ :) അമിതാഭ് ബച്ചന്‍റെയും കുടുംബത്തിന്‍റെയും ഒപ്പം കെ പി എ സി ലളിതയുടെയും മകന്‍റെയും കഥയുമായി ആദ്യ പകുതി തീരുമ്പോള്‍ ഇടയ്ക്കിടെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ലാല്‍ ആരാധകര്‍ ആരവമുയര്‍ത്തും. തിയേറ്ററിലെ ഈ കളി കാണേണ്ട കാഴ്ചയായിരുന്നു.
(ഇടയ്ക്ക് എനിക്ക് ‘എയ്ഞ്ചല്‍ ജോണ്‍’ എന്ന സിനിമ ഓര്‍മ്മ വന്നു. ഗണേഷ് വെങ്കിട്ടരാമന്‍റെ കഥാപാത്രത്തെ അമിതാഭ് ബച്ചന്‍ ഉപദേശിച്ചു നേരെയാക്കാനൊക്കെ ശ്രമിക്കുന്നതു കാണുമ്പോള്‍. പിന്നീട് മോഹന്‍ലാലിന്‍റെ സഹായത്തോടെ അയാള്‍ ആര്‍മിയില്‍ ചേര്‍ന്നു. കെ പി എ സി ലളിതയുടെ മകന്‍ ഇതേ സമയം തീവ്രവാദ ഗ്രൂപ്പിലാണ് ചേരുന്നത്. മിലിട്ടറി ട്രെയിനിംഗ് ക്യാമ്പിന്‍റെയൊക്കെ ചിത്രീകരണം നന്നായിരുന്നു.)
ഈ സിനിമയെ ഏതു ജനുസില്‍ പെടുത്തണമെന്ന കണ്‍ഫ്യൂഷനാണ് മേജര്‍ രവിയെ ഭരിച്ചിരുന്നതെന്ന് ഉറപ്പാണ്. ‘മിഷന്‍ 90 ഡേയ്സ്’ വെറും ഡോക്യുമെന്‍ററി മാത്രമായി പോയതിന്‍റെ ക്ഷീണം തീര്‍ക്കാനാകണം കാണ്ഡഹാറില്‍ സെന്‍റിമെന്‍റ്സ് കുത്തിനിറച്ചത്. സെന്‍റിമെന്‍റ്സ് ഓവറാകുന്നു എന്ന് തോന്നുമ്പോഴൊക്കെ അതാ വരുന്നു ഒരു കമാന്‍ഡോ ഓപ്പറേഷന്‍. പിന്നെയതാ അനൂപ് ചന്ദ്രന്‍റെയും ജാഫര്‍ ഇടുക്കിയുടെയുമൊക്കെ വളിപ്പു തമാശ. പിന്നെ ഇടയ്ക്കിടെ പാട്ടുകള്‍. രണ്ടു പാട്ടുകള്‍ അടുത്തടുത്തായി കാണിക്കുന്നു. അതിലൊരു ബാര്‍ ഡാന്‍സും - സഹിക്കാന്‍ വയ്യേ! നിയന്ത്രണം വിട്ട പട്ടം പോലെ അവിടെച്ചുറ്റി ഇവിടെച്ചുറ്റി ഒടുവില്‍ പ്രധാന കഥയിലെത്തുന്നു. പിന്നെ തീവ്രവാദികളെ കീഴടക്കല്‍. അതിനുശേഷവും സെന്‍റിമെന്‍റ്സ്.
അമിതാഭ് ബച്ചന്‍റെയും മോഹന്‍ലാലിന്‍റെയും ഇമേജ് സംരക്ഷിക്കണമല്ലോ എന്ന ഭയം ബാധിച്ച് ഏകാഗ്രതനഷ്ടപ്പെട്ട സംവിധായകന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരിക്കുകയാണ്. കാണ്ഡഹാറിനെപ്പറ്റി കൂടുതലായി ഒന്നുമില്ല, വെറുതെ കണ്ടിരിക്കാം. അത്രതന്നെ.
No comments:
Post a Comment