Friday, December 31, 2010

Dileep - Star of the year

മമ്മൂട്ടിയല്ല, ലാലല്ല, ദിലീപാണ് താരം!  


മലയാള സിനിമയില്‍ വീണ്ടും ജനപ്രിയ നായകന്‍റെ പടയോട്ടം. 2010ന്‍റെ താരമായി മലയാളം വെബ്ദുനിയ തെരഞ്ഞെടുത്തിരിക്കുന്നത് മറ്റാരെയുമല്ല - കുടുംബസദസുകളുടെ പള്‍സറിഞ്ഞ നടനായ ദിലീപിനെയാണ്. ഇടക്കാലത്തുണ്ടായ വീഴ്ചകള്‍ക്ക് മധുരമായി മറുപടി പറഞ്ഞ് ദിലീപ് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2010.

ദിലീപ് നായകനായി അഞ്ചു സിനിമകളാണ് 2010ല്‍ റിലീസായത്. ഒരു സിനിമ പോലും പരാജയത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ദിലീപിനെ മിനിമം ഗ്യാരണ്ടിയുള്ള നടനാക്കി മാറ്റുന്നത്. 13 സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റാക്കി റെക്കോര്‍ഡിട്ട ദിലീപ് വീണ്ടും ആ നല്ലകാലം ആവര്‍ത്തിക്കുന്നതിന്‍റെ ലക്ഷണമാണ് ഈ വര്‍ഷം കാണാനായത്.

ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പീ അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയായിരുന്നു ഈ വര്‍ഷത്തെ ദിലീപ് ചിത്രങ്ങള്‍. ഇതില്‍ പാപ്പീ അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവ സൂപ്പര്‍ ഹിറ്റായി. ബോഡി ഗാര്‍ഡ് ഹിറ്റായപ്പോള്‍ ആഗതന്‍ ശരാശരി വിജയം നേടി. മാത്രമല്ല, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു നവാഗത സംവിധായകനെ അവതരിപ്പിച്ച് ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമ നിര്‍മ്മിക്കാനും ദിലീപ് ധൈര്യം കാണിച്ചു. മലര്‍‌വാടിയും വന്‍ വിജയം നേടിയതോടെ ഈ വര്‍ഷം ദിലീപിനെ മറികടക്കാന്‍ മറ്റൊരു താരത്തിനുമായില്ല.

ഒമ്പതു സിനിമകളാണ് മമ്മൂട്ടിക്ക് ഈ വര്‍ഷം ഉണ്ടായിരുന്നത്. ഇവയില്‍ പോക്കിരിരാജ മെഗാഹിറ്റായപ്പോള്‍ ബെസ്റ്റ് ആക്ടറും പ്രാഞ്ചിയേട്ടനും വിജയം നേടി. മോഹന്‍ലാലിന്‍റെ കാര്യം പരിതാപകരമാണ്. ആശ്വസിക്കാന്‍ ഒരു ശിക്കാര്‍ മാത്രം. പൃഥ്വിരാജിന് പോക്കിരിരാജയുടെ പേരില്‍ അഭിമാനിക്കാം. അന്‍‌വര്‍, ത്രില്ലര്‍, താന്തോന്നി തുടങ്ങിയ ബിഗ് ഫ്ലോപ്പുകളാണ് പൃഥ്വിയുടെ ക്രെഡിറ്റില്‍ പിന്നീടുള്ളത്.

ജയറാമിന് ഹാപ്പി ഹസ്ബന്‍ഡ്സും കഥ തുടരുന്നുവും നേട്ടമുണ്ടാക്കിയപ്പോള്‍ ഫോര്‍ ഫ്രണ്ട്സ് തകര്‍ന്നടിഞ്ഞു. കുഞ്ചാക്കോ ബോബന് മൂന്നു ഹിറ്റുകള്‍ ഉണ്ടായിരുന്നു - എല്‍‌സമ്മ എന്ന ആണ്‍കുട്ടി, സകുടുംബം ശ്യാമള, മമ്മി ആന്‍റ് മി. യഥാര്‍ത്ഥത്തില്‍ ദിലീപ് കഴിഞ്ഞാല്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ചത് ചാക്കോച്ചനാണ്.

സുരേഷ്ഗോപി പതിവു തകര്‍ച്ച തുടര്‍ന്ന വര്‍ഷമായിരുന്നു 2010. സഹസ്രം, ജനകന്‍ എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ സുരേഷ്ഗോപിയുടെ സിനിമകളെല്ലാം നിലവാരം കുറഞ്ഞവയായിരുന്നു. കോക്ടെയില്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സിനിമകളിലൂടെ ജയസൂര്യ കരുത്ത് തെളിയിച്ചെങ്കിലും ജയന്‍റെ സോളോ ഹീറോ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു - ഉദാഹരണം നല്ലവന്‍.

2011ലും മികച്ച സിനിമകളാണ് ദിലീപിനെ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ കണ്‍സിസ്റ്റന്‍സി അടുത്ത വര്‍ഷവും ദിലീപ് നിലനിര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണാം. വാളയാര്‍ പരമശിവം, ഫിലിം സ്റ്റാര്‍, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഓര്‍മ്മ മാത്രം, തിരുട്ട് റാസ്കല്‍ തുടങ്ങിയവയാണ് 2011ല്‍ ദിലീപിന്‍റെ പ്രതീക്ഷകള്‍.

No comments:

Post a Comment